ലോകം മുഴുവന്‍ ഇന്ത്യയുടെ കീര്‍ത്തി പരത്തിയ അസാധാരണക്കാരായ മൂന്നു പേരുമൊത്താണ് ഈ യാത്ര. സംഗീത ചക്രവര്‍ത്തി എ. ആര്‍. റഹ്മാന്‍, ശബ്ദമാന്ത്രികന്‍ റസൂല്‍ പൂക്കുട്ടി, വിശ്വോത്തര സംവിധായകനും നടനുമായ ശേഖര്‍ കപൂര്‍. യാത്ര അജ്മീറിലെ പരിപാവനമായ ഖ്വാജാ മൊയ്‌നുദ്ദീന്‍ ചിസ്തിയുടെ ദര്‍ഗയിലേക്കാണ്. പ്രാര്‍ഥനാപൂര്‍ണമായ ഒരു തീര്‍ഥാടനം.
അജ്മീറിലെ ഗലികളിലൂടെ റഹ്മാന്ും റസൂല്‍ പൂക്കുട്ടിയും.
മൂന്നു മണിക്കൂര്‍ മതി പിങ്ക് നഗരത്തില്‍ നിന്ന് അജ്മീറിലേക്ക്. അത്ര അനായാസമാണ് ദേശീയപാത -8ലൂടെയുള്ള ജയ്പൂര്‍-അജ്മീര്‍ യാത്ര. എന്നാല്‍ ഈ യാത്ര അല്‍പ്പം കൂടുതല്‍ സമയമെടുത്തോട്ടെ എന്നാഗ്രഹിച്ചു പോയി. കാരണം, എന്റെ സഹയാത്രികര്‍ തന്നെ. ഇവരുമൊത്ത് ഇതുപോലൊരു യാത്ര ഇനി നടക്കുമോ എന്നറിയില്ലല്ലോ.
ലോകം മുഴുവന്‍ ഇന്ത്യയുടെ കീര്‍ത്തി പരത്തിയ അസാധാരണക്കാരായ മൂന്നു പേരുമൊത്താണ് യാത്ര. സംഗീത ചക്രവര്‍ത്തി എ. ആര്‍. റഹ്മാന്‍, ശബ്ദമാന്ത്രികന്‍ റസൂല്‍ പൂക്കുട്ടി, വിശ്വോത്തര സംവിധായകനും നടനുമായ ശേഖര്‍ കപൂര്‍. യാത്ര അജ്മീറിലെ പരിപാവനമായ ഖ്വാജാ മൊയ്‌നുദ്ദീന്‍ ചിസ്തിയുടെ ദര്‍ഗയിലേക്കാണ്. പ്രാര്‍ഥനാപൂര്‍ണമായ ഒരു തീര്‍ഥാടനം.
എന്നാല്‍ ഇത് ഒരു തീര്‍ഥയാത്ര മാത്രമായിരുന്നില്ല. journey with a mission എന്നു പറയാം. ഒരു സോദ്ദേശ്യയാത്ര. പതിനായിരങ്ങള്‍ നിത്യവും വന്നുപോകുന്ന ഒരു പുണ്യനഗരത്തിന്റെ മുഖച്ഛായ മാറ്റാനുള്ള യജ്ഞവുമായി വിശ്വസംഗീതകാരന്‍ നടത്തുന്ന യാത്ര. അതില്‍ പങ്കുചേരാനുള്ള അവസരം ലഭിച്ചതും ഒരു പക്ഷെ, ഖ്വാജായുടെ അനുഗ്രഹമായിരിക്കാം.
മധ്യപ്രദേശിലെ വനങ്ങളിലൂടെയുള്ള വര്‍ഷാന്തവെക്കേഷന്‍ യാത്രയിലായിരുന്നു ഞാന്‍. വെള്ളവും പക്ഷികളുമില്ലാത്ത ഭരത്പൂര്‍ കണ്ട് ബാന്ധവ്ഗഢിലേക്കും കാന്‍ഹ നാഷണല്‍ പാര്‍ക്കിലേക്കും നീങ്ങുന്നതിനിടെ ഗ്വാളിയോറിലെത്തി വിശ്രമിക്കുമ്പോഴാണ് റഹ്മാന്‍ ജയ്പ്പൂരിലെത്തുന്ന വിവരം അറിയുന്നത്. ഡല്‍ഹിയില്‍ നിന്നു കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥാണ് വിവരം അറിയിച്ചത്, ജയ്പ്പൂരിലെത്തണം. റഹ്മാന്‍ രാവിലെത്തന്നെ വരും. റസൂലും ശേഖര്‍ കപൂറും ഉണ്ടാവും. രാവിലെ മാതൃഭൂമിയുടെ വക ഓസ്‌കാര്‍ ജേതാക്കള്‍ക്ക് ഒരു പ്രഭാതവിരുന്നു കൂടിയാവാം.
ഈ യാത്ര കൊള്ളാമല്ലോ: റഹ്മാനും സംഘവും രാജസ്ഥാന്‍ പത്രികയുടെ മാനേജിങ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ഗുലാബ്ചന്ദ് കോത്താരിയുടെ ഭവനത്തില്‍
ഓസ്‌കര്‍ നേടിയ ശേഷം വിശ്രമിക്കാന്‍ പോലും സമയമില്ലാത്ത സഞ്ചാരത്തിലാണ് റഹ്മാനും പൂക്കുട്ടിയും. മുന്‍കൂട്ടി തയ്യാറാക്കാത്ത ഒരു പരിപാടിയിലും പങ്കെടുക്കുകയില്ല. പിറ്റേന്ന് ബാരക് ഒബാമയുടെ വിരുന്നില്‍ പങ്കെടുക്കാന്‍ അമേരിക്കയിലേക്കു പോകാനിരിക്കുന്നവരാണ്. ഏതായാലും ജയ്പ്പൂരിലെ താജ് ഹോട്ടലില്‍ അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. ആരെയൊക്കെ വിളിക്കണം? രാജസ്ഥാനില്‍ അധികം പേരെയൊന്നും ക്ഷണിക്കാനില്ല. രാജസ്ഥാന്‍ പത്രികയുടെ മാനേജിങ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ഗുലാബ് ചന്ദ് കോത്താരിയെ വിളിച്ചു. കോത്താരിയുമായി മാതൃഭൂമിക്കു വര്‍ഷങ്ങള്‍ നീണ്ട ബന്ധമുണ്ട്. പിതൃതുല്യമായ സ്‌നേഹത്തോടെ പെരുമാറുന്ന അദ്ദേഹം ഗുരുവും സുഹൃത്തും വഴികാട്ടിയുമാണ്. അദ്ദേഹത്തെ വിളിച്ചപ്പോള്‍ ശാസനയും സ്‌നേഹവും കലര്‍ന്ന നിര്‍ബന്ധം, വിരുന്ന് മറ്റെവിടെയും പറ്റില്ല, തന്റെ വീട്ടില്‍ത്തന്നെ വേണം. ഇത്തരം കാര്യങ്ങളിലൊക്കെ തീവ്രമായ ഇഷ്ടാനിഷ്ടങ്ങളും ശ്രദ്ധയുമുള്ള റഹ്മാന്‍ എങ്ങിനെ പ്രതികരിക്കുമെന്ന ആശങ്കയിലും അതിനു സമ്മതിക്കേണ്ടി വന്നു. ഉച്ചയോടെ എല്ലാ ഏര്‍പ്പാടുകളും പൂര്‍ത്തിയാക്കി ഞാനും പ്രമോദും ജയ്പ്പൂരിലേക്കു വണ്ടി കയറി.
രാവിലെ പ്രമോദ് എയര്‍പോര്‍ട്ടിലേക്കും ഞാന്‍ കോത്താരിയുടെ വീട്ടിലേക്കും പോയി. പ്രമോദ് എത്തുമ്പോഴേക്കും മുംബൈയില്‍ നിന്നുള്ള ഫ്‌ളൈറ്റില്‍ റഹ്മാന്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. ക്ഷമയോടെ മറ്റുള്ളവര്‍ക്കായി കാത്തുനില്‍ക്കുകയാണ്. ശേഖര്‍ കപൂറും റസൂലുമുണ്ട് കൂടെ. കൊല്ലം എം. പി. പീതാംബരക്കുറുപ്പും സുധീര്‍നാഥും ഡല്‍ഹിയില്‍ നിന്നു വന്നിട്ടുണ്ട്. നേരെ കോത്താരിയുടെ വീട്ടിലേക്ക്.
കോത്താരിയുടെ വീട്ടിലെ വിരുന്ന് ഒരനുഭവം തന്നെയായിരുന്നു. അപൂര്‍വമായ വിഭവങ്ങളും സ്‌നേഹപൂര്‍ണമായ ആതിഥ്യവും കൊണ്ട് കോത്താരിയും കുടുംബവും ഞങ്ങളെ വീര്‍പ്പുമുട്ടിച്ചു. മധുരം അധികം കഴിക്കാത്ത റഹ്മാനും കോത്താരിയുടെ അമ്മ സ്വന്തം കൈകൊണ്ടുണ്ടാക്കിയ അപൂര്‍വ ഇനം ലഡു ആസ്വദിച്ചു കഴിച്ചു. ''എനിക്ക് രണ്ട് ഇഡ്ഢലിയും കുറച്ച് സാമ്പാറും മതി. അതാണ് എന്റെ ഫേവറിറ്റ് ബ്രേക്ക്ഫാസ്റ്റ്.'' യാതൊരു ജാടയുമില്ലാതെ റഹ്മാന്‍ പറഞ്ഞു. സ്വകാര്യത ഇഷ്ടപ്പെടുന്ന, അധികം സംസാരിക്കാത്ത പതിവു റഹ്മാനല്ല അന്ന് ഞങ്ങളോടൊപ്പം ഉണ്ടായിരുന്നത്. പൊട്ടിച്ചിരിച്ചും തമാശ പറഞ്ഞും വിരുന്നിലുടനീളം സജീവമായി അദ്ദേഹം പങ്കെടുത്തു.
അജ്മീറിനെക്കുറിച്ച് വിരുന്നിനിടെ റഹ്മാന്‍ വാചാലനായി. റഹ്മാനെ സംബന്ധിച്ചിടത്തോളം അജ്മീര്‍ ഒരു സാധാരണ തീര്‍ഥാടനകേന്ദ്രമല്ല. 15 വര്‍ഷമായി മുടങ്ങാതെ അജ്മീറിലെത്തുന്ന റഹ്മാന്‍ തന്റെ ജീവിതത്തിലെ തന്റെ എല്ലാ ഉയര്‍ച്ചതാഴ്ചകള്‍ക്കു പിന്നിലും അജ്മീറിലെ ഖ്വാജായുടെ അനുഗ്രഹവും ശക്തിയുമാണുള്ളതെന്ന് വിശ്വസിക്കുന്നു. ഓസ്‌കാര്‍ കിട്ടിയപ്പോഴും രോഗബാധിതനായപ്പോഴും റഹ്മാന്‍ ഒരേപോലെ ഖ്വാജായുടെ മുന്നിലെത്തി വണങ്ങി. അപാരമായ ഒരു ശക്തിവിശേഷം കളിയാടുന്ന സ്ഥലമാണ് അജ്മീര്‍ ദര്‍ഗയെന്ന് റഹ്മാന്‍ പറഞ്ഞു. ദര്‍ഗ സന്ദര്‍ശിക്കുന്നവര്‍ക്ക് ദൈവീകമായ അനുഭൂതിയാണ് ഉണ്ടാവുക. അത്രക്ക് ശാന്തവും പരിപാവനവുമാണ് അവിടം. എന്നാല്‍ പതിനായിരങ്ങള്‍ നിത്യവും വന്നെത്തുന്ന അജ്മീര്‍ ഇന്ന് തിരക്കും മലിനീകരണവും കൊണ്ട് ശ്വാസം മുട്ടുകയാണ്. അജ്മീറിന്റെ ഇന്നത്തെ അവസ്ഥയില്‍ അങ്ങേയറ്റം ദുഖിതനാണ് അദ്ദേഹം. അജ്മീറിനെ സുന്ദരമാക്കുക, വീണ്ടെടുക്കുക, സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ഒരു 'ക്ലീന്‍ അജ്മീര്‍' കാമ്പെയിന് നേതൃത്വം നല്‍കാനാണ് ഈ യാത്രയെന്ന് റഹ്മാന്‍ വിശദീകരിച്ചു. നമ്മുടെ വരവ് അജ്മീറിലുള്ളവരെ ഉണര്‍ത്തണം. അതില്‍ എല്ലാവരും സഹകരിക്കണം. അദ്ദേഹം അഭ്യര്‍ഥിച്ചു.
അജ്മീറിലെ പുണ്യപുരാതനദര്‍ഗയുടെ കവാടം. Photo: B.Muralikrishnan
വിരുന്ന് തീര്‍ന്നയുടനെ ഞങ്ങള്‍ അജ്മീറിലേക്കു പുറപ്പെട്ടു. ടോള്‍ബൂത്തുകളിലും വാഹനം വേഗത കുറയുന്നിടങ്ങളിലുമെല്ലാം റഹ്മാനെ ആളുകള്‍ തിരിച്ചറിയുന്നുണ്ട്. ഒരു ടോള്‍ബൂത്തില്‍ ടിക്കറ്റ് മുറിച്ചുതരാന്‍ വൈകിച്ചതു പോലും വാഹനത്തെ പൊതിഞ്ഞവര്‍ക്കു റഹ്മാനെ കണ്‍നിറയെ കാണാന്‍ അവസരം നല്‍കുന്നതിനു വേണ്ടിയായിരുന്നു എന്നു തോന്നി. നാലര മണിക്കൂര്‍ നീണ്ടു ആ യാത്ര. അജ്മീറിലെത്തുമ്പോള്‍ നേരം ഉച്ചയായി.
കുന്തന്‍ നഗറിലെ വലിയ ഒരു വീടിനു മുന്നിലേക്ക് റഹ്മാന്‍ ഞങ്ങളെ നയിച്ചു. മൂന്നു നിലയുള്ള വീട്. പത്തടി പൊക്കമുള്ള മതില്‍. ''ഇത് എന്റെ വീടാണ്. വരൂ, നമുക്കൊന്നു ഫ്രഷ് ആയിട്ടു പോകാം.'' റഹ്മാന്റെ ക്ഷണം. ഇരുമ്പ് ഗേറ്റും പുല്‍ത്തകിടിയും പൂന്തോട്ടവും തൂങ്ങിയാടുന്ന ഗാര്‍ഡന്‍ ചെയറും പിന്നിട്ട് അകത്തേക്കു കയറുമ്പോള്‍ റഹ്മാന്‍ ഒരു കാര്യം മാത്രം നിര്‍ബന്ധിച്ചു. ഈ വീടിന്റെ ഫോട്ടോ എടുക്കരുത്. അജ്മീറുമായുള്ള വൈകാരികബന്ധത്തിന്റെ അടയാളമായി അമ്മ കരീമാ ബീഗത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം വാങ്ങിയതാണ് ഈ വീട്. ഇവിടെ വന്നു പോവുന്നത് റഹ്മാനും അമ്മയുമാണെന്ന് അയല്‍ക്കാര്‍ക്കു പോലും അറിയില്ലായിരുന്നു. ഓസ്‌കാര്‍ അവാര്‍ഡ് ലഭിച്ച ശേഷമാണ് തങ്ങളുടെ പുതിയ അയല്‍ക്കാരെ കുന്തന്‍ നഗറിലുള്ളവര്‍ തിരിച്ചറിഞ്ഞത്.
ഞങ്ങളാ വീട് ചുറ്റി നടന്നു കണ്ടു. അകത്തെ മുറികളൊന്നും ആര്‍ഭാടമുള്ളവയല്ല. കുറച്ച് ഇരിപ്പിടങ്ങള്‍ മാത്രം. സാന്ദ്രസംഗീതം പോലെ, ഗാഢമായ മൗനം ആ വീടിനെ ചൂഴ്ന്നുനില്‍ക്കുന്നു. വീടു കണ്ടു പുറത്തു വന്നപ്പോള്‍ ഗാര്‍ഡന്‍ ചെയറിലിരുന്ന് ശേഖര്‍ കപൂര്‍ ജലമലിനീകരണത്തെയും ജലശോഷണത്തെയും കുറിച്ചു സംസാരിച്ചുകൊണ്ടിരുന്നു. കപൂറിന്റെ പുതിയ സിനിമ, 'പാനി', വെള്ളത്തെക്കുറിച്ചുള്ള സമരങ്ങളുടെ കഥയാണ്. ലോകം ദാഹിച്ചു വലയാന്‍ പോകുന്നു എന്ന തിരിച്ചറിവില്‍ നിന്നണ്ടായ കഥ. പ്ലാച്ചിമടയില്‍ വെള്ളത്തിനു വേണ്ടി ഒരു ഗ്രാമം നടത്തിയ സമരങ്ങളെയും അതില്‍ മാതൃഭൂമി പങ്കു ചേര്‍ന്നതിനെയും കുറിച്ചൊക്കെ ഞാനും സംസാരിച്ചപ്പോള്‍ കപൂറിന് ആവേശമായി. ചര്‍ച്ചയില്‍ റഹ്മാനും പൂക്കുട്ടിയും പങ്കു ചേര്‍ന്നു. ചൂടുചര്‍ച്ചക്കു ചൂടു പകരാന്‍ റഹ്മാന്റെ ചൗക്കീദാര്‍ ചൂടുചായയുമായെത്തി. റസൂല്‍ അതെല്ലാവര്‍ക്കും എടുത്തു നല്‍കി.
റസൂല്‍ പൂക്കുട്ടി, ശേഖര്‍ കപൂര്‍, പീതാംബരക്കുറുപ്പ് എം.പി., എന്നിവരുമൊത്ത് റഹ്മാന്‍ അജ്മീറില്‍
അപ്പോഴേക്കും അജ്മീര്‍ മേയറുടെ ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥസംഘം എത്തി. ദര്‍ഗയുടെ ഖാദിം (പുരോഹിതന്‍) ആയ പീര്‍ ഹാജി സയിദ് മുഷീര്‍ ഹുസൈനും അദ്ദേഹത്തിന്റെ രണ്ട് ആണ്‍മക്കളും വഴികാട്ടാനായി വന്നു. അവരുമായി അല്‍പ്പനേരം ചര്‍ച്ച. അജ്മീര്‍ തടാകത്തിലേക്കു പോകണം. അതിനു ശേഷം ദര്‍ഗയുടെ പരിസരങ്ങള്‍ നടന്നു കാണണം. റഹ്മാന്‍ പറഞ്ഞു. അനാസാഗര്‍ തടാകക്കരയിലേക്കാണ് ആദ്യം പോയത്. തടാകതീരത്ത് കാറില്‍ നിന്നിറങ്ങിയ റഹ്മാന്‍ വെള്ളത്തിനടുത്തേക്കു പോയി. പടവുകളിലും കരയിലും പ്ലാസ്റ്റിക്കും മാലിന്യങ്ങളും കുന്നുകൂടിക്കിടക്കുന്നു. കടും പച്ച നിറത്തിലുള്ള വെള്ളം കൈകളില്‍ കോരി റഹ്മാന്‍ പറഞ്ഞു. ഇത് ശുദ്ധീകരിക്കണം. ഈ തടാകം നമുക്ക് സംരക്ഷിക്കണം. ഇതിനെ മാറ്റിയെടുത്തേ തീരൂ.
ദര്‍ഗയുടെ എല്ലാ ഗേറ്റുകളിലും മാധ്യമപ്പട കാത്തുനില്‍ക്കുന്നുണ്ട്. എന്നാല്‍ റഹ്മാന്‍ എവിടെ എന്ന് അവര്‍ക്കാര്‍ക്കും അറിയില്ല. ദര്‍ഗയുടെ പരിസരം നടന്നു കാണണമെന്ന റഹ്മാന്റെ ആവശ്യവും അവരറിഞ്ഞിട്ടില്ല. അവരില്‍ നിന്നകന്നു മാറി ദര്‍ഗക്കു ചുറ്റുമുള്ള ഇടുങ്ങിയതും ഇരുണ്ടതും തിരക്കാര്‍ന്നതുമായ ഗലികളിലൂടെ ഖാദിമും സംഘവും ഞങ്ങളെ നയിക്കാന്‍ തുടങ്ങി. അജ്മീറിന്റെ ദുഃസ്ഥിതി നേരില്‍ കാണണമെന്ന റഹ്മാന്റെ നിര്‍ബന്ധം കൊണ്ടു മാത്രമാണ് ഖാദിം അതിനു തയ്യാറായത്. അമ്പരപ്പും വേദനയും ഉളവാക്കുന്ന വഴികളായിരുന്നു അവ. നാറുന്ന ഓടകള്‍. എങ്ങും മാലിന്യക്കൂമ്പാരം. വൃത്തിഹീനമായ വഴികള്‍. ഇടുങ്ങിയ തെരുവുകള്‍. നിറയെ കടകള്‍. യാചകര്‍. മാംസം വെട്ടലും പാചകവും കഴിക്കലും എല്ലാം അവിടെത്തന്നെ. അജ്മീറിന്റെ ആ മുഖം റഹ്മാനെ ശരിക്കും ഞെട്ടിച്ചു. ചുറ്റുമുള്ളവരാരും റഹ്മാനെ അറിയുന്നില്ല. സാധാരണക്കാരില്‍ സാധാരണക്കാരനായി, ഓസ്‌കാര്‍ ജേതാവായ ഒരു സംഗീത ചക്രവര്‍ത്തി തങ്ങള്‍ക്കിടയിലൂടെ നടക്കുമെന്ന് അവര്‍ കരുതിക്കാണില്ല. റഹ്മാനും പൂക്കുട്ടിയും ശേഖര്‍ കപൂറും പോലുള്ള വലിയ മനുഷ്യര്‍ ആ ഇരുണ്ട തെരുവുകളിലൂടെ ഇങ്ങിനെ പകല്‍വെളിച്ചത്തില്‍ നടന്നുവരുമെന്ന് അവര്‍ പ്രതീക്ഷിച്ചിരിക്കില്ല.
ഏറെ നേരം നടന്ന്, അജ്മീറിനെ നേരില്‍ കണ്ടറിഞ്ഞ്, ഞങ്ങള്‍ ദര്‍ഗയിലേക്കു പോയി. കാത്തുനില്‍ക്കുന്ന മാധ്യമപ്പടയെ ഒഴിവാക്കാന്‍ ചുറ്റി വളഞ്ഞ് ഒമ്പതാം നമ്പര്‍ ഗേറ്റിലൂടെയാണ് ഞങ്ങള്‍ ദര്‍ഗയില്‍ പ്രവേശിച്ചത്. പരിപാവനമായ ദര്‍ഗ പൊടുന്നനെ ഞങ്ങളെ ശാന്തരും സന്തുഷ്ടരുമാക്കി. എന്തെന്നില്ലാത്ത സമാധാനം പകരുന്ന ഒരു നിശ്ശബ്ദത ഞങ്ങളെ പൊതിഞ്ഞു. നരകത്തില്‍ നിന്ന് നേരേ സ്വര്‍ഗത്തിലെത്തിയ പ്രതീതി. പ്രാര്‍ഥനാ നിരതരായി, നിശ്ശബ്ദരായി നിരവധി പേര്‍ വിശാലമായ മുറ്റത്ത് ഇരിക്കുന്നു. ദര്‍ഗയുടെ വാതിലും മകുടവും ഇപ്പോള്‍ കാണാം. മാര്‍ബിളില്‍ തീര്‍ത്ത മകുടത്തില്‍ അഗ്രത്തായി ഒരു സ്വര്‍ണസ്തൂപം. വെള്ളിയില്‍ ചെറിയ ലൈനിങ്. ഇവിടെയാണ് പാവപ്പെട്ടവരുടെ രക്ഷകന്‍, ഗരീബ് നവാസ് എന്നറിയപ്പെട്ടിരുന്ന ഖ്വാജാ മൊയ്‌നുദ്ദീന്‍ ചിസ്തിയുടെ ഖബറിടം. പേര്‍ഷ്യയില്‍ നിന്നും മുഹമ്മദ് ഘോറിക്കൊപ്പം ഇന്ത്യയിലെത്തിയ സൂഫിവര്യനായിരുന്നു അദ്ദേഹം. (പൃഥ്വിരാജ് ചൗഹാന്റെ തോല്‍വിക്കു ശേഷം). പിന്നീട് തന്റെ മനസ്സും ശരീരവും പാവപ്പെട്ടവര്‍ക്കു വേണ്ടി സമര്‍പ്പിച്ച അദ്ദേഹം 114-ാം വയസ്സില്‍ സര്‍വശക്തനായ ദൈവത്തില്‍ ലയിച്ചു എന്നാണ് കഥ. അക്ബറുടെ കാലത്ത് എഴുതപ്പെട്ട അക്ബര്‍ നാമയില്‍ ഖ്വാജയുടെ വെളിപാട് അക്ബര്‍ക്കുണ്ടായി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ചന്ദനത്തിരികളുടെ ഗന്ധം ചൂഴ്ന്നു നില്‍ക്കുന്ന മുറ്റം താണ്ടി, ചുവന്നു തുടുത്ത റോസാപ്പൂക്കളുടെ ചൂരല്‍ത്താലങ്ങള്‍ തലയിലേന്തി ദര്‍ഗയിലേക്കു പ്രവേശിക്കുന്നവര്‍ക്കിടയിലൂടെ ഞങ്ങളും അകത്തേക്കു കടന്നു. എല്ലാവരുടെ തലയിലും ഖാദിം തൊപ്പി ധരിപ്പിച്ചു. ദര്‍ഗയുടെ അകത്ത് ശിരസ്സ് മൂടിയിരിക്കണം. 20 മിനുട്ടോളം ഞങ്ങള്‍ പ്രാര്‍ഥിച്ചു. ദര്‍ഗയുടെ ശക്തിയെക്കുറിച്ച് രാവിലെ മുതല്‍ പലപ്പോഴായി റഹ്മാന്‍ പറഞ്ഞത് ശരിക്കും അനുഭവപ്പെട്ടു. നേര്‍ച്ചപ്പെട്ടിയില്‍ കാണിക്ക അര്‍പ്പിച്ചു. ശേഖര്‍ കപൂര്‍ തന്റെ പേഴ്‌സിലെ മുഴുവന്‍ പൈസയും വാരി അതിലിട്ടു.
റസൂല്‍ പൂക്കുട്ടി, ശേഖര്‍ കപൂര്‍, എന്നിവരുമൊത്ത് റഹ്മാന്‍ അജ്മീറില്‍
പുറത്തെത്തുമ്പോഴേക്കും മാധ്യമപ്പട ഞങ്ങളുടെ മാര്‍ഗം തടഞ്ഞുകൊണ്ട് മുന്നിലെത്തി. ദേശീയ ചാനലുകളുള്‍പ്പെടെ എല്ലാവരുമുണ്ട്. പലരും ലൈവാണ്. റഹ്മാന്റെ കമന്റിനായി കടുത്ത മത്സരം. തിക്കിലും തിരക്കിലും ഞങ്ങളെ കാത്തുകൊണ്ട് ഖാദിമിന്റെ സുരക്ഷാസംഘം നിലയുറപ്പിച്ചു. ക്ലീന്‍ അജ്മീര്‍ പദ്ധതിയപ്പറ്റി റഹ്മാനും പൂക്കുട്ടിയും അല്‍പ്പനേരം സംസാരിച്ചു. വീണ്ടും ദര്‍ഗ ഓഫീസിലേക്ക്. അപ്പോഴാണ് ശേഖര്‍ കപൂര്‍ പറഞ്ഞത്. തന്റെ പേഴ്‌സ് കാണാനില്ല. പൈസ മുഴുവന്‍ നേര്‍ച്ചപ്പെട്ടിയില്‍ ഇട്ടതാണെങ്കിലും ക്രെഡിറ്റ് കാര്‍ഡും മറ്റും അതിലുണ്ട്. തിക്കിലും തിരക്കിലും എപ്പോഴോ അതു പോയി. സാരമില്ല. റഹ്മാന്‍ ആശ്വസിപ്പിച്ചു. നമുക്ക് വഴിയുണ്ടാക്കാം. ദര്‍ഗ ഓഫീസില്‍ പോകാം. അജ്മീര്‍ കമ്മീഷണര്‍ ശരവണകുമാര്‍ ഐ പി എസ് അവിടെ കാത്തിരിപ്പുണ്ട്. ക്ലീന്‍ അജ്മീര്‍ പദ്ധതി ഔപചാരികമായി തുടങ്ങുകയാണ്.
ദര്‍ഗയിലെത്തി അഞ്ചു മിനുട്ടാവും മുമ്പ് അദ്ഭുതമെന്നു പറയട്ടെ, ശേഖറിന്റെ പേഴ്‌സ് തിരിച്ചു കിട്ടി. ആരോ കൊണ്ടുവന്നു കൊടുക്കകുയായിരുന്നു. റഹ്മാന്റെ മുഖത്ത് ഒരു പുഞ്ചിരി. ഞാന്‍ പറഞ്ഞില്ലേ എന്ന മട്ട്.
ഉച്ചവെയില്‍ മൂത്തു. എല്ലാവര്‍ക്കും വിശക്കുന്നു. അജ്മീറിലെ ഒരു ലോഡ്ജിലാണ് ഉച്ചഭക്ഷണം. റഹ്മാന് വേണ്ടപ്പെട്ട സ്ഥലമാണ്. അകത്തെ കട്ടിലില്‍ ഒന്നിച്ചിരുന്ന് ഞങ്ങള്‍ ഭക്ഷണം കഴിച്ചു. വിഭവസമൃദ്ധമായ ഊണ്. റഹ്മാന്‍ തന്നെ എല്ലാവര്‍ക്കും സ്വന്തം കൈ കൊണ്ട് വിളമ്പിക്കൊടുത്തു. പ്രമോദിനു പ്രത്യേക വാത്സല്യത്തോടെ, വിശപ്പു മാറും വരെ (അതു കുറച്ചൊന്നും പോരല്ലോ). റഹ്മാന്‍ നല്ല മൂഡിലായിരുന്നു. കളിയും ചിരിയുമായി ഒാടി നടക്കുന്നു. എന്തോ ജന്മദൗത്യം സാര്‍ഥകമാക്കിയ ഭാവം മുഖത്ത്. റഹ്മാന്റെ ഒറ്റ ദിവസത്തെ സന്ദര്‍ശനം കൊണ്ടു തന്നെ അജ്മീറിന്റെ പ്രശ്‌നങ്ങള്‍ ദേശീയ ശ്രദ്ധയിലെത്തിക്കഴിഞ്ഞു!
വൈകുന്നേരത്തെ ഫ്‌ളൈറ്റില്‍ അമേരിക്കയിലേക്കു പോകണം. ഇനി സമയമില്ല. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. വാഹനങ്ങള്‍ ഒരുങ്ങി. ഇപ്പോള്‍ അജ്മീര്‍ - ജയ്പ്പൂര്‍ റോഡിന് ദൂരം കുറഞ്ഞതു പോലെ. പോയതിനേക്കാള്‍ വേഗത്തില്‍ ഞങ്ങളുടെ വാഹനവ്യൂഹം തിരിച്ചു പറന്നു.
ഗുലാബ് ചന്ദ് കോത്താരിയുടെ വീട്ടില്‍ റഹ്മാനും സംഘവും
വിമാനത്താവളത്തില്‍ കാത്തു നിന്നിരുന്ന രാജസ്ഥാന്‍ ചീഫ് സെക്രട്ടറിക്കും ടൂറിസം മന്ത്രിക്കും പോലും റഹ്മാനുമായി സംസാരിക്കാന്‍ സമയം കിട്ടിയില്ല. വിശിഷ്ടാതിഥിയെ കാത്തുനില്‍ക്കുന്ന ഫ്‌ളൈറ്റിലേക്ക് ഓടിക്കയറുകയായിരുന്നു അദ്ദേഹം. പോകാതെ പറ്റില്ലല്ലോ, ഇനി വിരുന്നൊരുക്കി കാത്തിരിക്കുന്നത് ബാരാക് ഒബാമയാണ്.
മടങ്ങുമ്പോള്‍ മനസ്സില്‍ റഹ്മാന്റെ ഗാനം നിറഞ്ഞു നിന്നു. ഖ്വാജാ മേരെ ഖ്വാജാ.. റഹ് മാന്റെ വാക്കുകള്‍ ചെവിയില്‍ മുഴങ്ങി. അജ്മീര്‍ യാത്ര പുണ്യയാത്രയാണ്. തീര്‍ച്ചയായും. മനസ്സിനു കരുത്തേറ്റുന്ന എന്തോ ഒന്ന് അജ്മീറില്‍ നിന്നു നമുക്കു കിട്ടുന്നുണ്ട്. ശാന്തിയുടെ വെയില്‍ നാളങ്ങള്‍ മനസ്സിനെ പൊതിയുന്നു. അജ്മീറില്‍ വരാന്‍ പുണ്യം വേണം. അത് റഹ്മാനെപ്പോലൊരാളുടെ കൂടെയാവാന്‍ അതിലേറെ പുണ്യം വേണം.
ഇത്ര നേരം കൂടെ ഉണ്ടായിരുന്നത് റഹ്മാന്‍ തന്നെയായിരുന്നോ?
ഖ്വാജാ മേരീ ഖ്വാജാ..
ദില്‍ മെ സമാജാ..