മംഗലാപുരം: ക്രിസ്മസ് അവധിക്ക് കളി കഴിഞ്ഞ് നേത്രാവതിപ്പുഴയില്‍ കുളിക്കാനിറങ്ങിയ സംഘത്തിലെ നാല് മലയാളി എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഒരു വിദ്യാര്‍ഥി രക്ഷപ്പെട്ടു. അപകടത്തില്‍പ്പെട്ടവരെല്ലാം കൊനാജെക്കടുത്ത ബ്യാരി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ്.
തലശ്ശേരിക്കടുത്ത ചൊക്ലിയിലെ അബ്ദുള്‍ഖാദര്‍-നജ്മ ദമ്പതിമാരുടെ മകന്‍ സുബ്ഹാന്‍ (18), കൂത്തുപറമ്പ് മൂന്നാംപീടിക ടി.പി.ഹൗസിലെ ഉസ്മാന്‍-സുഹറ ദമ്പതിമാരുടെ മകന്‍ സഫ്‌വാന്‍ (18), നീലേശ്വരം മാര്‍ക്കറ്റ്‌റോഡിലെ ചീനമ്മാടത്ത് വീട്ടില്‍ ഹാരിസ് മുഹമ്മദ്-റഹിയാനത്ത് ദമ്പതിമാരുടെ മകന്‍ മുഹമ്മദ് ഷിഫാസ് (18), മലപ്പുറം പരപ്പനങ്ങാടിയിലെ ചെറമംഗലത്തെ മഞ്ഞമ്മാട്ടില്‍ നാസര്‍-സുലൈഖ ദമ്പതിമാരുടെ മകന്‍റിനാസ് നാസര്‍ (18) എന്നിവരാണ് മരിച്ചത്. വടകര സ്വദേശി മഷൂഖ് ആണ് രക്ഷപ്പെട്ടത്.
കൊനാജെക്കടുത്ത ഇന്നോളി ബോളിയാര്‍ ഗ്രാമങ്ങള്‍ക്ക് നടുവിലെ ജലക്കക്കട്ടെയില്‍ ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. കോളേജ്ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളി കഴിഞ്ഞ് 12 അംഗ വിദ്യാര്‍ഥിസംഘം കോളേജില്‍നിന്ന് മൂന്ന് കിലോമിറ്റര്‍ ദൂരെയുള്ള ജലക്കക്കട്ടെയില്‍ ചെന്ന് കുളിക്കാനിറങ്ങിയതായിരുന്നു. പുഴയിലെ മുട്ടറ്റം വെള്ളത്തില്‍ കുളിച്ചുകൊണ്ടിരുന്ന സംഘത്തിലെ അഞ്ചുപേര്‍ പത്തടിയോളം ആഴമുള്ള കയത്തില്‍പ്പെട്ടതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു.
നാല് വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ തിങ്കളാഴ്ച രാവിലെയാണ് കണ്ടെടുത്തത്. വെന്‍ലോക് ജില്ലാ ആസ്പത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി. ബന്ദര്‍ ജൂമാമസ്ജിദില്‍ മയ്യത്ത് നമസ്‌കാരം നിര്‍വഹിച്ചശേഷം അവര്‍ മൃതദേഹങ്ങള്‍ സ്വദേശത്തേക്ക് കൊണ്ടുപോയി.
മരിച്ച സഫ്‌വാന്റെ അച്ഛന്‍ ഉസ്മാന്‍ ന്യൂഡല്‍ഹിയില്‍ സൈന്യത്തിലാണ്. സ്‌കൂള്‍വിദ്യാര്‍ഥിനി ഷംന ഏക സഹോദരിയാണ്.
മരിച്ച മുഹമ്മദ് ഷിഫാസിന്റെ അച്ഛന്‍ ഹാരിസ് മുഹമ്മദ് പയ്യന്നൂര്‍ പെരുമ്പ സ്വദേശിയാണ്. മരക്കച്ചവടം നടത്തുന്നു. എന്‍ജിനിയിങ് വിദ്യാര്‍ഥി ഇഫ്‌സൂര്‍ റഹ്മാന്‍ സഹോദരനും നീലേശ്വരം സെന്‍റ് പീറ്റേഴ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥിനി ആയിഷ സഹോദരിയുമാണ്.
റിനാസിന്റെ സഹോദരങ്ങള്‍: ഷിഹാസ്, ഷഹനാസ്. സുബ്ഹാന്റെ സഹോദരങ്ങള്‍: നയീമ, സഹല്‍, നാസിഹ. മന്ത്രി കെ.പി.മോഹനന്‍ വീട് സന്ദര്‍ശിച്ചു.
No comments:
Post a Comment