സൈക്കിളിന്റെ പേരില്‍ നാടുവിട്ടു; വിമാനത്തില്‍ നാട്ടിലേക്ക്...

തിരൂര്‍: സൈക്കിള്‍ വാങ്ങിക്കൊടുക്കാത്തതിന്റെ പേരില്‍ നാടുവിട്ട രാഹുല്‍ ആദിത്യ എന്ന 16കാരന്‍ ഒരു വര്‍ഷത്തിന് ശേഷം വാശി മാറ്റിവെച്ചു. പിതാവിനെയും സഹോദരനെയും കണ്ടുമുട്ടിയ വികാരനിര്‍ഭര മുഹൂര്‍ത്തത്തില്‍ അവന്‍ കരഞ്ഞു. തിരൂര്‍ ഡിവൈ.എസ്.പി. സലീമിന്റെ ഓഫീസിലെ പോലീസുകാരും ജീവനക്കാരും ആ രംഗത്തിനു സാക്ഷികളായി.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 11നാണ് പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയ്ക്കടുത്ത്പര്‍ഗനാസ് ജില്ലയിലെ നയാപ്പട്ടിയിലെ തമല്‍ ആദിത്യയുടെ മകന്‍ രാഹുല്‍ ആദിത്യ എന്ന തുഷാര്‍ നാടുവിടുന്നത്. കാരണം നിസ്സാരം: അനിയനു സൈക്കിള്‍ വാങ്ങിയപ്പോള്‍ തനിക്കും വേണമെന്നു പറഞ്ഞ് രാഹുല്‍ വാശിപിടിച്ചു. നീ വലിയ കുട്ടിയല്ലേ സൈക്കിള്‍ വേണ്ടെന്നു പിതാവു പറഞ്ഞപ്പോള്‍ വാശിപ്പുറത്ത് രാഹുല്‍ ഇറങ്ങി നടന്നു. പിന്നീട് തിരിച്ചുവന്നില്ല.

ലോക്കല്‍ പോലീസും സി.ഐ.ഡിയും രാഹുലിന്റെ തിരോധാനം അന്വേഷിച്ച് 'ലുക്ക് ഔട്ട്' നോട്ടീസ് പുറത്തിറക്കി. തിരോധാനത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്ന സംശയം ബലപ്പെട്ടപ്പോള്‍ പിതാവ് തമല്‍ ആദിത്യ നാടുനീളെ അന്വേഷിച്ചു കറങ്ങി. എവിടെയും കണ്ടെത്തിയില്ല.

അങ്ങനെയിരിക്കെയാണ് രാഹുല്‍ ഏതാനും ദിവസം മുമ്പ് നാട്ടിലെ ഒരു ബന്ധുവിന് ഫോണ്‍ ചെയ്തത്. താന്‍ എവിടെയാണെന്നൊന്നും പറയാതെ വിശേഷങ്ങള്‍ തിരക്കി. നന്നായി കാര്യങ്ങള്‍ അവതരിപ്പിച്ച ബന്ധു സംഭവം രാഹുലിന്റെ അച്ഛനോട് പറഞ്ഞു. അച്ഛന്‍ രാഹുല്‍ വിളിച്ച മൊബൈല്‍ നമ്പറുമായി പോലീസ് സ്റ്റേഷനിലെത്തി. അങ്ങനെ പശ്ചിമ ബംഗാള്‍ പോലീസ് മലപ്പുറം അഡ്മിനിസ്‌ട്രേറ്റീവ് പോലിസ് ഡിവൈ.എസ്.പി യു. അബ്ദുല്‍ കരീമുമായി ബന്ധപ്പെട്ടു. രാഹുലിന്റെ ഫോട്ടോ മെയില്‍ ചെയ്തു കൊടുത്തു.

തിരൂര്‍ പാന്‍ബസാറില്‍ രാഹുല്‍ ഉണ്ടെന്ന് അറിഞ്ഞ ഉടന്‍ തിരൂര്‍ ഡിവൈ.എസ്.പി. സലീമിന്റെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണ സംഘാംഗങ്ങളായ കെ. പ്രമോദ്, എം.ഐ. അബ്ദുല്‍ അസീസ്, സത്യനാരായണന്‍, രാജേഷ് എന്നിവര്‍ രാഹുലിനെ തേടിയിറങ്ങി.

തിരൂര്‍ പാന്‍ബസാര്‍ കേന്ദ്രീകരിച്ചുള്ള നിര്‍മാണ പ്രവര്‍ത്തന സംഘത്തിലെ അംഗമാണ് രാഹുലെന്ന് സംഘം കണ്ടെത്തി. സംഘത്തിന്റെ മേസ്തിരിയെ കണ്ട് പോലീസ് ഫോട്ടോ കാണച്ചു. അദ്ദേഹം തിരിച്ചറിഞ്ഞു.

ചെമ്പ്രയില്‍ ബംഗാളികള്‍ക്കൊപ്പാണ് രാഹുല്‍ താമസിക്കുന്നതെന്നും പ്രതിദിനം 350രൂപ കിട്ടുന്നുണ്ടെന്നും മേസ്തിരി പറഞ്ഞു. പോലീസ് തേടിയെത്തിയ ദിവസം രാഹുല്‍ ചെമ്മാട് പണി സ്ഥലത്തായിരുന്നു. പോലീസ് സംഘം അവിടെയെത്തി രാഹുലിനേയും കൂട്ടിപ്പോന്നു.

രാഹുല്‍ പോലീസിന്റെ കസ്റ്റഡിയില്‍ ഉണ്ടെന്ന് അറിഞ്ഞ് അച്ഛനും അനിയനും വിമാനമാര്‍ഗം നെടുമ്പാശ്ശേരിയിലെത്തി. അവിടെ നിന്ന് കാറുവിളിച്ച് തിരൂരും. പിന്നെ സ്റ്റേഷനില്‍ ആരുടെയും കണ്ണുനനയിക്കുന്ന വികാര രംഗങ്ങള്‍. രാഹുലിന്റെ കണ്‍കോണുകളിലെ നനവില്‍ പറ്റിപ്പോയതെറ്റിന്റെ പ്രായശ്ചിത്തം. ഒടുവില്‍ വിമാനമാര്‍ഗം തന്നെ അവര്‍ തിരിച്ച് നാട്ടിലേക്ക് മടങ്ങി.

No comments:

Post a Comment