ഈ വര്‍ഷത്തെ James Dyson അവാര്‍ഡ് 10,000 ബ്രിട്ടീഷ് പൌണ്ട് ഏതാണ്ട് 7,30,000രൂപ ആസ്ത്രേലിയന്‍ വിദ്യാര്‍ത്ഥിയായ എഡ്വേര്‍ഡ് ലിനാക്രേക്ക് ലഭിച്ചത് എന്തെങ്കിലും സോഫ്റ്റ്‌വേറോ സ്മാര്‍ട്ട് ഫോണോ മറ്റ് കണ്‍സ്യൂമര്‍ ഉല്പന്നങ്ങളോ കണ്ടുപിടിച്ചതിനല്ല.മറിച്ച് അന്തരീക്ഷത്തിലുള്ള ജലാംശം വെള്ളമാക്കി മാറ്റി സസ്യങ്ങള്‍ക്ക് ജലസേചനം നടത്താന്‍ കഴിയുന്ന ഒരു ഉപകരണം കണ്ടുപിടിച്ചതിനാണ്. നമ്മുടെ ചുറ്റുമുള്ള അന്തരീഷത്തില്‍ ഈര്‍പ്പം അഥവാ ജലാംശം ഉണ്ടെന്ന് നമുക്കറിയാം.
അന്തരീക്ഷത്തിലെ ജലാംശം ഊറ്റിയെടുക്കുന്ന ഉപകരണങ്ങള്‍ ഇന്ത്യയിലെ തന്നെ ചില നഗരങ്ങളിലെ ഓഫീസുകളിലും മറ്റും ഉണ്ട് എന്ന് അറിയുന്നു. അന്തരീക്ഷത്തിലെ ഈര്‍പ്പം ജലമാക്കി മാറ്റി കൃഷിക്ക് ഉപയുക്തമാക്കുന്ന ഉപകരണങ്ങള്‍ കണ്ടുപിടിക്കാന്‍ പാശ്ചാത്യരാജ്യങ്ങളില്‍ ഗവേഷണം നടന്നിട്ടുണ്ടെങ്കിലും അത്ര വിജയിച്ചിട്ടില്ല. ഇപ്പോള്‍ ലിനാക്രേ കണ്ടുപിടിച്ചിരിക്കുന്ന ഉപകരണം വിജയിച്ചാല്‍ മരുഭൂമികളിലും കൃഷി ചെയ്യാന്‍ പറ്റും. എന്തെന്നാല്‍ ജലം അന്തരീക്ഷത്തില്‍ എവിടെയുമുണ്ട്.
അന്തരീക്ഷത്തില്‍ ജലം ഉണ്ടെന്ന് നമുക്ക് എങ്ങനെ തെളിയിക്കാന്‍ പറ്റും എന്ന് നോക്കാം. ഒരു ഗ്ലാസ് ടംബ്ലര്‍ എടുത്ത് തുണി കൊണ്ട് തുടച്ച് ഡ്രൈ ആക്കുക. എന്നിട്ട് ആ ഗ്ലാസിനകത്ത് ഏതാനും ഐസ് കട്ടകള്‍ നിക്ഷേപിക്കുക. അല്പസമയം കൊണ്ട് ആ ഗ്ലാസ് ടംബ്ലറിന്റെ പുറത്ത് ജലകണികകള്‍ പറ്റിപ്പിടിക്കുന്നതും ഉരുകിയൊലിക്കുന്നതും കാണാം. എന്ത്കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഗ്ലാസില്‍ ഐസ് ഇട്ടപ്പോള്‍ അതിന്റെ പുറം ഭിത്തി തണുക്കുന്നു. ഗ്ലാസിന്റെ പുറം ഭിത്തിയുമായി സമ്പര്‍ക്കത്തിലുള്ള വായുവും തണുത്ത് , വായുവിലുള്ള നീരാവി ഘനീഭവിച്ച് ജലകണികകളായി മാറുന്നു.
വായുവിലുള്ള നീരാവി ജലമാക്കി മാറ്റിക്കൊണ്ടേയിരുന്നാലും പിന്നെയും പിന്നെയും അന്തരീക്ഷത്തില്‍ ജലാംശം വന്നുകൊണ്ടേയിരിക്കും. അങ്ങനെ വായുവിനെ നമുക്ക് വറ്റാത്ത ജലസ്രോതസ്സായി മാറ്റാന്‍ കഴിയും. ഇവിടെയാണ് എഡ്വേര്‍ഡ് ലിനാക്രേയുടെ കണ്ടുപിടുത്തത്തിന്റെ പ്രസക്തി. (ചിത്രം കാണുക). ഇവിടെ കാണുന്ന ഉപകരണം വായുവിലെ നീരാവി വലിച്ചെടുത്ത് ജലമാക്കി സസ്യങ്ങളുടെ വേരുകളിലേക്ക് പായ്ക്കുകയാണ് ചെയ്യുന്നത്.
ആഫ്രിക്കയിലെ നമീബിയ എന്ന നാട്ടില്‍ ഉള്ള മരുഭൂമിയില്‍ ഒരു തരം വണ്ട് ഉണ്ട്. Stenocara gracilipes എന്നാണത്രെ ശാസ്ത്രീയ നാമം. മരുഭൂമിയില്‍ നിന്ന് വെള്ളം ശേഖരിക്കാനും അങ്ങനെ അതിജീവിയ്ക്കാനും ആ പ്രാണിക്ക് അത്യന്തം അതിശയകരമായ മാര്‍ഗ്ഗമാണ് പ്രകൃതി ഒരുക്കിയിട്ടുള്ളത്. തന്റെ കണ്ടുപിടുത്തത്തിന് ഈ പ്രാണിയാണത്രെ എഡ്വേര്‍ഡ് ലിനാക്രേക്ക് പ്രചോദനമായത്. നമീബിയയിലെ മരുഭൂമിയില്‍ അറ്റ്ലാന്റിക്ക് സമുദ്രത്തില്‍ നിന്ന് നീരാവിയുള്ള കാറ്റ് വീശിക്കൊണ്ടിരിക്കും. ഈ വണ്ടിന്റെ മുതുകില്‍ ഉള്ള സവിശേഷമായ സംവിധാനം കാറ്റിലുള്ള നീരാവിയെ ജലകണികയാക്കി മാറ്റി, മുതുക് പുറത്തുള്ള നേരിയ ചാലുകള്‍ വഴിയായി അതിന്റെ വായയില്‍ എത്തുന്നു. അങ്ങനെ ആ വണ്ട് ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കുന്നു. ചുരുക്കി പറഞ്ഞാല്‍ അന്തരീക്ഷത്തിലെ നീരാവിയെ ദാഹജലമാക്കി മാറ്റാനുള്ള കഴിവ് നിസ്സാരമായ ആ പ്രാണിക്ക് ഉണ്ട്.
വളരെ ലളിതമായ ഉപകരണമാണ് ലിനാക്രേ കണ്ടുപിടിച്ചിട്ടുള്ളത്. ചെലവ് കുറഞ്ഞ് നിര്‍മ്മിക്കാനും സഹായവിലയ്ക്ക് ഇത് ഗ്രാമങ്ങളിലെ കര്‍ഷകര്‍ക്ക് നല്‍കാനും സാധിക്കുകയാണെങ്കില്‍ ഇന്ത്യയിലെ വെള്ളത്തിന് ക്ഷാമമുള്ള ഗ്രാമങ്ങളില്‍ സസ്യങ്ങള്‍ക്കും ചെടികള്‍ക്കും ജലസേചനം നടത്താന്‍ ഈ ഉപകരണം കൊണ്ട് കഴിയും. വെള്ളം കിട്ടാത്ത കാരണത്താല്‍ കൃഷി ചെയ്യാന്‍ കഴിയാത്ത എത്രയോ ഭൂമി നമ്മുടെ രാജ്യത്ത് ഉണ്ട്. കേരളത്തിലെ കാര്യമല്ല പറഞ്ഞത്. ഇവിടെ എന്ത് ഭൂമി, എന്ത് കൃഷി. ഉപഭോക്തൃസംസ്ഥാനമായിപ്പോയില്ലേ!
ആസ്ത്രേലിയയില്‍ മര്‍റേ-ഡാര്‍ലിങ്ങ് എന്ന പ്രദേശത്ത് പന്ത്രണ്ട് വര്‍ഷത്തോളം തുടര്‍ച്ചയായ വരള്‍ച്ച ബാധിച്ച് കൃഷി മിക്കവാറും നശിച്ച് പോയിരുന്നു. കര്‍ഷകര്‍ ആത്മഹത്യയെ ശരണം പ്രാപിക്കുന്ന ദയനീയമായ അവസ്ഥ. ഈയൊരു പരിതാപകരമായ സാഹചര്യത്തിലാണ് എന്തെങ്കിലും ചെയ്തേ തീരൂ എന്ന ഉള്‍പ്രേരണയാല്‍ എഡ്വേര്‍ഡ് ലിനാക്രേ ഈ ഉപകരണം കണ്ടുപിടിക്കുന്നത്.
ലിനാക്രേയുടെ ഈ ഉപകരണത്തില്‍ ഉള്ള ടര്‍ബൈന്‍ കറങ്ങി കാറ്റിനെ വലിച്ചെടുത്ത് കുഴലിലൂടെ മണ്ണിനടിയില്‍ കൊണ്ടുപോകുന്നു. ഈ മെയിന്‍ കുഴല്‍ മണ്ണിന്റെ അടിയിലുള്ള നേരിയ കുഴലുകളുമായി ബന്ധിപ്പിച്ചിട്ടുണ്ടാവും. ആ കുഴലുകളില്‍ വെച്ച് കാറ്റ് തണുത്ത് അതിലുള്ള നീരാവി വെള്ളമായി മാറി ഒരു തൊട്ടിയില്‍ ശേഖരിക്കപ്പെടുന്നു. തൊട്ടിയിലുള്ള മോട്ടോര്‍ പ്രവര്‍ത്തിക്കുമ്പോള്‍ വെള്ളം കുഴലുകളിലൂടെ ചെടികളുടെ വേരുകളിലേക്ക് പായുന്നു. ഇങ്ങനെ ടര്‍ബൈനും മോട്ടോറും പ്രവര്‍ത്തിക്കാന്‍ ആവശ്യമായ വൈദ്യുതി സൌരോര്‍ജ്ജത്തില്‍ നിന്ന് ഉല്പാദിപ്പിക്കാനുള്ള സോളാര്‍ പാനലും ഉപകരണത്തിന്റെ ഭാഗമാണ്.
കാര്‍ഷികോപകരണങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങളുമായും കര്‍ഷകരുമായും ഓരോ ഘട്ടത്തിലും ഉപദേശങ്ങള്‍ സ്വീകരിച്ചുകൊണ്ടാണ് ലിനാക്രെ ഈ യന്ത്രത്തിന് രൂപകല്പന ചെയ്തത്. വീട്ടിന് ചുറ്റുമുള്ള അമ്മയുടെ തോട്ടത്തിലാണ് ലിനാക്രേ ഈ ഉപകരണം ആദ്യം പരീക്ഷിച്ചു നോക്കിയത്. Airdrop Irrigation system എന്നാണ് ലിനാക്രേ ഇതിന് പേരിട്ടിരിക്കുന്നത്. ഇത് നമുക്കറിയാവുന്ന drop Irrigation എന്ന സമ്പ്രാദായത്തേക്കാളും മികച്ചതാണ്. എന്തെന്നാല്‍ ഈ സമ്പ്രദായത്തില്‍ വെള്ളം നേരിട്ട് വേരുകളിലേക്ക് എത്തുന്നു. സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും ഈ യന്ത്രം വ്യാവസായികമായ രീതിയില്‍ ഉല്പാദിപ്പിക്കപ്പെട്ട് നമ്മുടെ രാജ്യത്തുള്ള കര്‍ഷകര്‍ക്ക് ലഭ്യമാവണമെങ്കില്‍ അത് അടുത്തൊന്നും നടക്കുന്ന കാര്യമായി തോന്നുന്നില്ല.
ലിനാക്രേ ആസ്ത്രേലിയയില്‍ മെല്‍ബേണ്‍ നഗരത്തിലെ സ്വിന്‍ ബേണ്‍ സാങ്കേതിക സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിയാണ്. ഇന്ത്യക്കാരായ വിദ്യാര്‍ഥികളും അവിടെ പഠിക്കുന്നുണ്ട്. ഇംഗ്ലണ്ടിലെ കോടീശ്വരനായ ജേംസ് ഡൈസന്‍ , ഡിസൈന്‍ എഞ്ചിനിയറിങ്ങ് പഠിക്കുന്ന വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഒരു ട്രസ്റ്റ് 2002 ല്‍ സ്ഥാപിക്കുകയുണ്ടായി. നവീനമായ ഉപകരണങ്ങള്‍ കണ്ടുപിടിക്കുന്ന ഡിസൈന്‍ എഞ്ചിനീയറിങ്ങ് വിദ്യാര്‍ഥികള്‍ക്ക് ആ ട്രസ്റ്റ് പാരിതോഷികങ്ങള്‍ നല്‍കി വരുന്നു. ഇക്കഴിഞ്ഞ നവമ്പര്‍ 8നാണ് എഡ്വേര്‍ഡ് ലിനാക്രേയ്ക്ക് അവാര്‍ഡ് പ്രഖ്യാപിച്ചത്. ലിനാക്രേയ്ക്ക് ലഭിക്കുന്ന അത്രയും തുക അവന്‍ പഠിക്കുന്ന സ്വിന്‍ ബേണ്‍ യൂനിവേഴ്സിറ്റിക്കും ലഭിക്കും. ആസ്ത്രേലിയയിലെ പ്രശസ്തമായ യൂനിവേഴ്സിറ്റ്യാണിത്.
ഈ കണ്ടുപിടുത്തത്തെ കുറിച്ച് എഡ്വേര്‍ഡ് ലിനാക്രേ പറയുന്നത് ഇവിടെ നിന്ന് കേള്‍ക്കാം.
No comments:
Post a Comment