സംവൃതയ്ക്ക് മാംഗല്യം

മംമ്ത മോഹന്‍ദാസിന് ശേഷം മലയാള സിനിമാലോകത്ത് മറ്റൊരു വിവാഹത്തിന് കൂടി കതിര്‍മണ്ഡപമൊരുങ്ങുന്നു. ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടി സംവൃത സുനില്‍ വിവാഹിതയാകുകയാണ്. കാലിഫോര്‍ണിയയില്‍ എഞ്ചിനീയറായി ജോലി നോക്കുന്ന കോഴിക്കോട് സ്വദേശി അഖില്‍ ആണ് വരന്‍. ദുബായില്‍ ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് ഷോയ്ക്കിടെയാണ് സംവൃത മാതൃഭൂമിയോട് മനസ്സുതുറന്നത്. 



വിവാഹം ഉടനുണ്ടാകും. തീയ്യതി നിശ്ചയിച്ചിട്ടില്ല. വിവാഹശേഷം അഭിനയരംഗത്തുണ്ടാകുമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് സംവൃത പറഞ്ഞു. ലാല്‍ജോസ് സംവിധാനം ചെയ്ത രസികനിലൂടെ മലയാള സിനിമാലോകത്തെത്തിയ സംവൃതയെ തേടി മികച്ച വേഷങ്ങളാണ് പിന്നീടങ്ങോട്ടെത്തിയത്. ഇപ്പോള്‍ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികാതാരമാണ് കണ്ണൂര്‍ സ്വദേശിയായ സംവൃത. 

കാമുകിവേഷങ്ങളും അമ്മ വേഷങ്ങളും ഒരുപോലെ ചെയ്യാന്‍ കാണിച്ച തന്റേടവും ശാലീനസൗന്ദര്യവുമാണ് സംവൃതയെ മലയാളികള്‍ക്ക് പ്രിയങ്കരിയാക്കിയത്. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ജയറാം, പൃഥ്വിരാജ് തുടങ്ങി മുന്‍നിര നായകന്‍മാരുടെ ചിത്രങ്ങളിലെല്ലാം തന്നെ ജോഡിയായി സംവൃതയ്ക്ക് വേഷമിടാന്‍ കഴിഞ്ഞു. 


അച്ഛനുറങ്ങാത്ത വീട്, അഹം പുണ്യം, നോട്ടം..എന്നിവയടക്കമുള്ള നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തമായ ക്യാരക്ടര്‍ റോളുകളും സംവൃതയെ തേടിയെത്തി. ചോക്ക്‌ലേറ്റ്, തിരക്കഥ, കോക്ക്‌ടെയില്‍, സ്വപ്‌നസഞ്ചാരി, റോബിന്‍ഹുഡ്, വാസ്തവം, മാണിക്യക്കല്ല് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായി. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന അരികെ, ഷാജി കൈലാസിന്റെ കിങ് ആന്റ് കമ്മീഷണര്‍ എന്നിവയാണ് ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍. 


പൃഥ്വിരാജിനേയും സംവൃതയേയും ബന്ധപ്പെടുത്തി നിരവധി പ്രണയ ഗോസിപ്പുകള്‍ പുറത്തിറങ്ങിയിരുന്നു. എന്നാല്‍ പൃഥ്വിരാജിന്റെ വിവാഹവാര്‍ത്ത പുറത്തുവന്നപ്പോള്‍ ഇനി തന്നെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പില്ലാതാകുമല്ലോ എന്നൊരാശ്വാസമുണ്ടെന്നായിരുന്നു സംവൃതയുടെ മറുപടി. ആസിഫ് അലി-സംവൃത ജോഡിയുടെ പുതിയ ചിത്രമായ അസുരവിത്ത് റിലീസ് ചെയ്ത അതേദിവസം തന്നെയാണ് സംവൃതയുടെ വിവാഹവാര്‍ത്ത പുറത്തുവരുന്നത് എന്നതും കൗതുകകരമാണ്.

No comments:

Post a Comment