കടലിന്റെ വിസ്മയം 'ഒക്ടോപ്പസ്' കൊച്ചിയിലെത്തി

കൊച്ചി : കടലിന്റെ വിസ്മയം എന്നു വിശേഷിപ്പിക്കപ്പെടുന്ന ലോകത്തിലെ
ഏറ്റവും വലിയ ആഡംബര 'യാട്ടു'കളിലൊന്നായ 'ഒക്ടോപ്പസ് സൂപ്പര്‍ യാട്ട്'
വെള്ളിയാഴ്ച കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടു.

രണ്ട് ഹെലികോപ്റ്ററുകള്‍ വഹിച്ചാണ്, ഏഴുനിലകളുള്ള യാട്ട് എത്തിയത്. പോള്‍
അലെന്‍ എന്ന അമേരിക്കന്‍ ബിസിനസ്സുകാരന്റെ സ്വകാര്യ യാട്ടാണിത്.
അതിവിശാലമായ സൗകര്യങ്ങളുള്ള ഈ ആഡംബര യാട്ട്, ലോകത്തിലെ ഏറ്റവും വലിയ
12-ാമത്തെ സൂപ്പര്‍ യാട്ടായാണ് കണക്കാക്കപ്പെടുന്നത്.

രാഷ്ട്രത്തലവന്മാരുടെ യാട്ടുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍, ലോകത്തിലെ
അഞ്ചാമത്തെ വലിയ സൂപ്പര്‍ യാട്ട് എന്നപദവിയും ഒക്ടോപ്പസിനുണ്ട്. ചില
അതിഥികളെ കയറ്റുന്നതിനാണ് കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടത്.
വിമാനത്താവളത്തില്‍നിന്ന് അതിഥികളെ ഹെലികോപ്റ്റര്‍വഴി കപ്പലില്‍
എത്തിക്കുകയായിരുന്നു.

126 മീറ്ററാണ് കപ്പലിന്റെ നീളം. 21 മീറ്റര്‍ വീതിയുണ്ട്. യാട്ടില്‍
ഹെലികോപ്റ്ററുകള്‍കൂടാതെ, ഏഴ് വലിയ ബോട്ടുകളും ഏതാനും
ചെറുബോട്ടുകളുമുണ്ട്. 60 ജീവനക്കാരുമുണ്ട്. 20 നോട്ടിക്കല്‍ മൈലാണ് വേഗത.
കപ്പലിന്റെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കുതന്നെ 20 മില്യണ്‍ ഡോളര്‍
ചെലവുവരുമെന്നാണ് കണക്കാക്കുന്നത്.

ബില്‍ഗേറ്റ്, മൈക്രോസോഫ്റ്റ് കമ്പനിക്ക് രൂപംനല്‍കുമ്പോള്‍ ഒക്ടോപ്പസ്
ഉടമയായ പോള്‍ അലെനും പങ്കാളിയായിരുന്നു. 58 കാരനായ പോള്‍ അലെന്‍ സ്വകാര്യ
ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന യാട്ടാണിത്. യാട്ട് ശനിയാഴ്ച രാവിലെ
കൊച്ചിവിട്ടു.

No comments:

Post a Comment