നാടിനെ നടുക്കിയ മൂന്നു നിമിഷം!!



കണ്ണൂര്‍ • മൂന്നു നിമിഷം. മൂന്നു സ്‌ഫോടനം. തലശേരി–കണ്ണൂര്‍ ദേശീയപാത ബൈപാസിനു സമീപം ചാല ക്ഷേത്രപരിസരത്ത്‌ ഇന്നലെ അര്‍ധരാത്രി ഗ്യാസ്‌ ടാങ്കര്‍ ദുരന്തത്തിനിടയാക്കിയ സ്‌ഫോടനം നീണ്ടുനിന്നതു നിമിഷങ്ങള്‍ മാത്രം. 

ടാങ്കര്‍ലോറി അതിവേഗത്തിലായിരുന്നുവെന്നു നാട്ടുകാര്‍ പറയുന്നു. റോഡിനു നടുവിലെ ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞ ഉടന്‍, കട്ടിയുള്ള വെളുത്ത പുകയാണു പുറത്തുവന്നത്‌. നിമിഷനേരം കൊണ്ടു പരിസരപ്രദേശം മുഴുവന്‍ പുകപടലത്തിനുള്ളിലായി. മൂക്കു തുളയ്ക്കുന്ന മണവും പിന്നാലെയുണ്ടായി. പുക പടര്‍ന്നു കയറിയ ഇടങ്ങളെല്ലാം തീ വിഴുങ്ങി.

ഇടിയുടെ ശബ്‌ദം കേട്ടു വീടിനു പുറത്തിറങ്ങിയവരാണു ഗ്യാസ്‌ ചോര്‍ച്ച കണ്ടു പരിസരവാസികളെ വിവരമറിയിച്ചത്‌. വൈദ്യുതിബന്ധം വിഛേദിക്കണമെന്നും മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിപ്പിക്കരുതെന്നും വിളിച്ചുപറഞ്ഞു കൊണ്ടു പലരും നാട്ടുകാരെ വിളിച്ചുണര്‍ത്തി. അതുകേട്ടു പുറത്തു വന്നു വീടുവിട്ടിറങ്ങിയവരാണു പരുക്കു കൂടാതെ രക്ഷപ്പെട്ടത്‌.

മുന്നറിയിപ്പിന്റെ ഗൌരവം മനസ്സിലാവാതെ പലരും വീടിനകത്തു തന്നെ കുടുങ്ങുകയായിരുന്നു. റോഡും പരിസരവും പുക മൂടിയതിനു തൊട്ടുപിന്നാലെയാണു സ്‌ഫോടനമുണ്ടായത്‌. ഒന്നിനു പിറകെ ഒന്നായി മൂന്നു സ്‌ഫോടനശബ്‌ദം കേട്ടതായി നാട്ടുകാര്‍ പറയുന്നു. ആദ്യസ്‌ഫോടനത്തില്‍ തന്നെ പുകച്ചുരുളുകള്‍ തീഗോളങ്ങളായി മാറിയിരുന്നു. 

സ്‌ഫോടനത്തിനു വഴിയൊരുക്കിയത്‌മൊബൈല്‍ ഫോണ്‍ ഉപയോഗം   
ടാങ്കര്‍ലോറി മറിഞ്ഞ വിവരമറിഞ്ഞു പുറത്തിറങ്ങി നോക്കിയ ചിലരും അപകടം കണ്ടു വഴിയില്‍ നിര്‍ത്തിയ വാഹനങ്ങളിലെ ചില യാത്രക്കാരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതു സ്‌ഫോടനത്തിനു കാരണമായിട്ടുണ്ടാവാമെന്നും അഗ്നിശമന സേന സംശയിക്കുന്നു. ഗ്യാസ്‌ വന്‍തോതില്‍ ചോര്‍ന്നുകൊണ്ടിരിക്കുന്ന സ്‌ഥലത്തു മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതു തീപിടിത്തത്തിനിടയാക്കാം. ഗ്യാസ്‌ ചോര്‍ച്ചയും ആദ്യ സ്‌ഫോടനവും കഴിഞ്ഞ ഉടന്‍ പൊലീസും അഗ്നിശമന സേനയും ഇതു സംബന്ധിച്ചു നാട്ടുകാര്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നു.  

ജീവന്‍ പണയംവച്ച്‌ രക്ഷാപ്രവര്‍ത്തനം; ദൈവത്തിനു നന്ദി ചൊല്ലി ഭാസ്‌കരന്‍  
സ്വന്തം ജീവന്‍ രക്ഷപ്പെട്ടതിനേക്കാള്‍, വീട്ടുകാരെയും അയല്‍ക്കാരില്‍ ചിലരെയും അഗ്നിനാളങ്ങളില്‍നിന്നു രക്ഷപ്പെടുത്താനായതിന്റെ  ആശ്വാസത്തിലാണു ചാല ക്ഷേത്രത്തിനു സമീപം അരയാക്കീല്‍ ഭാസ്‌കരന്‍ (59). തൊട്ടടുത്തുനിന്നു പാഞ്ഞുവന്ന തീഗോളങ്ങള്‍ കാല്‍പ്പാദത്തെ മാത്രം സ്‌പര്‍ശിച്ചു കടന്നുപോയതിനു ദൈവത്തിനു നന്ദി പറയുന്നു ഭാസ്‌കരന്‍. 

തലശേരി–കണ്ണൂര്‍ ദേശീയപാത ബൈപാസിനു സമീപം ചാല ക്ഷേത്ര പരിസരത്ത്‌ ഇന്നലെ രാത്രി ഗ്യാസ്‌ ടാങ്കറിനു തീ പിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റു താണ സ്‌പെഷ്യല്‍റ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഭാസ്‌കരന്‌ ഇപ്പോഴും നടുക്കം വിട്ടുമാറുന്നില്ല. വേണ്ടപ്പെട്ടവരില്‍ ആര്‍ക്കൊക്കെ പൊള്ളലേറ്റു, ആരെയൊക്കെ ഏതൊക്കെ ആശുപത്രിയിലേക്കു കൊണ്ടുപോയി എന്നൊന്നും അറിയാതെ രാത്രി വൈകിയും ആശങ്കയിലായിരുന്നു ഭാസ്‌കരന്‍. 

ഭക്ഷണം കഴിഞ്ഞു രാത്രി പത്തരയോടെ വീട്ടിലിരിക്കുമ്പോഴാണ്‌ വന്‍ശബ്‌ദം കേട്ടത്‌. വീട്‌ അല്‍പ്പം ഉയര്‍ന്ന പ്രദേശത്തായതിനാല്‍ മകന്‍ വിവേകിനോടൊപ്പം പുറത്തിറങ്ങി റോഡിലേക്കു നോക്കിയപ്പോള്‍, ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞുകിടക്കുന്ന കൂറ്റന്‍ ടാങ്കര്‍ലോറിയാണു കണ്ടത്‌. തൊട്ടുപിന്നാലെ രൂക്ഷമായ മണവും വന്നു. ഗ്യാസ്‌ ചോര്‍ന്നുവെന്നറിഞ്ഞ ഉടന്‍ അടുത്ത വീടുകളിലുള്ളവരോടു വൈദ്യുതി ബന്ധം വിഛേദിക്കാനും ഉയര്‍ന്ന പ്രദേശത്തേക്കു കയറി രക്ഷപ്പെടാനും വിളിച്ചു പറഞ്ഞുകൊണ്ട്‌ ഇടവഴിയിലൂടെ ഓടുകയായിരുന്നു ഭാസ്‌കരനും മകനും. ഇതിനകം വെളുത്ത പുക ഇടവഴിയിലും പരിസരത്തും നിറഞ്ഞിരുന്നു.

പുകയില്‍നിന്ന്‌ ഓടി രക്ഷപ്പെടുന്നതിനിടയിലാണു സ്‌ഫോടന ശബ്‌ദം കേട്ടത്‌. ഒറ്റ നിമിഷം കൊണ്ടു മാനംമുട്ടെ ഉയരത്തിലാളുന്ന തീനാളങ്ങളാണു കണ്ടത്‌. ഇടവഴിയിലൂടെ ഓടുന്നതിനിടെ കാലില്‍ വന്നുതൊട്ട പുകച്ചുരുളിനു തീപിടിച്ചു ഭാസ്‌കരന്റെ ഇടതുപാദത്തിനാണു പൊള്ളലേറ്റത്‌. പിന്നാലെ രണ്ടു സ്‌ഫോടനശബ്‌ദം കൂടി കേട്ടെങ്കിലും തിരിഞ്ഞുനോക്കാനുള്ള മന:സാന്നിധ്യമുണ്ടായിരുന്നില്ല. പരുക്കേറ്റ മറ്റു ചിലരോടൊപ്പം വാഹനം ഏര്‍പ്പാടാക്കിയാണ്‌ ആശുപത്രിയിലെത്തിയത്‌. 

ആശ്വാസത്തോടെ നവാസ്‌  
അപകടത്തില്‍നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടതിന്റെയും  വലിയ അപകടത്തില്‍ നിന്നു നാടിനെ രക്ഷിക്കാനായതിന്റെയും ആശ്വാസത്തിലാണ്‌ കാടാച്ചിറ സ്വദേശിയായ എം.വി. നവാസ്‌. പാചകവാതക ടാങ്കര്‍ മറിഞ്ഞപ്പോള്‍ നവാസ്‌ സ്‌ഥലത്തുണ്ടായിരുന്നു. ടാങ്കര്‍ ചരിഞ്ഞു മറിഞ്ഞതോടെ റോഡില്‍ ആകെ ഗതാഗതക്കുരുക്കായി. ഇതോടെ കാര്‍ അകലേക്കു മാറ്റിയിട്ടു. അപകടത്തില്‍ പെട്ട ടാങ്കറിനൊപ്പം വന്ന മറ്റു ടാങ്കറുകളെ തടഞ്ഞു. മറ്റു വാഹനങ്ങളും നാട്ടുകാര്‍ക്കൊപ്പം തടഞ്ഞു വഴിതിരിച്ചുവിട്ടു. 

കൂത്തുപറമ്പ്‌ റോഡില്‍ അപകടം നിത്യസംഭവം  
ഇന്നലെ ഗ്യാസ്‌ ടാങ്കര്‍ മറിഞ്ഞു പൊട്ടിത്തെറിച്ച ചാല – കൂത്തുപറമ്പ്‌ റോഡില്‍ വാഹനാപകടം നിത്യസംഭവം. വാഹനങ്ങള്‍ ഡിവൈഡറിലിടിച്ചു മറിയുന്നതും കൂട്ടിയിടിക്കുന്നതും ഇവിടെ പതിവായിട്ടും അപകടകാരണം കണ്ടെത്താന്‍ ശാസ്‌ത്രീയമായ ശ്രമങ്ങളുണ്ടായിട്ടില്ലെന്നു നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.


No comments:

Post a Comment