ആര്‍എസ്‌പി ദേശീയനേതാവും മുന്‍മന്ത്രിയുമായ കെ. പങ്കജാക്ഷന്‍ അന്തരിച്ചു~!!!!




ആര്‍എസ്‌പി ദേശീയനേതാവും മുന്‍മന്ത്രിയുമായ കെ. പങ്കജാക്ഷന്‍ അന്തരിച്ചു. 85 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരിക്കെയാണ്‌ മരണം. സംസ്‌ഥാനത്തെ അഞ്ചുമന്ത്രിസഭകളില്‍ അംഗമായിരുന്ന അദ്ദേഹം ആര്‍ എസ്‌ പിയുടെ ശക്‌തനായ നേതാവായിരുന്നു. വിവിധ മന്ത്രിസഭകളില്‍ പൊതുമരാമത്ത്‌, തൊഴില്‍, സ്‌പോര്‍ട്‌സ്‌ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്‌. രണ്ടു പതിറ്റാണ്ടുകാലം നിയമസഭാംഗമായിരുന്നു. ഐതിഹാസിക സമരങ്ങളുടെ അണിയറയില്‍നിന്ന്‌ പ്രവര്‍ത്തിച്ച പങ്കജാക്ഷന്‍ മുന്നണി രാഷ്‌ട്രീയത്തിലെ തന്ത്രജ്‌ഞനായിരുന്നു. ട്രേഡ്‌ യൂണിയന്‍ രംഗത്തെ ശക്‌തമായ സാന്നിധ്യമായിരുന്നു. 

റവല്യൂഷണറി സോഷ്യലിസ്‌റ്റ്‌ പാര്‍ട്ടിയ്ക്ക്‌ കേരള രാഷ്‌ട്രീയത്തില്‍ പ്രമുഖസ്‌ഥാനം നേടിക്കൊടുത്തതില്‍ സുപ്രധാന പങ്കുവഹിച്ച നേതാവാണ്‌ കെ. പങ്കജാക്ഷന്‍. ഏഴുദശകക്കാലം പാര്‍ട്ടിയുടെ അരങ്ങത്തും അണിയറയിലും മുഴങ്ങിയ ശബ്‌ദം. അസാധാരണമായ നേതൃത്വപാടവവും സംഘടനാശേഷിയുമാണ്‌ പങ്കജാക്ഷനെ ആര്‍. എസ്‌. പിയുടെ ദേശീയനേതൃനിരയില്‍ മുന്നിലെത്തിച്ചത്‌.

പേട്ടമുതല്‍ പേട്ടവരെയുള്ള പാര്‍ട്ടിയെന്ന്‌ ആര്‍.എസ്‌.പിയെ ആക്ഷേപിച്ചിരുന്നകാലത്ത്‌  മുന്നണിസംഖ്യങ്ങളിലൂടെ പാര്‍ട്ടിയുടെ വേരുറപ്പിച്ചത്‌ കെ. പങ്കജാക്ഷനെന്ന രാഷ്‌ട്രീയക്കാരന്റെ നയചാതുര്യമായിരുന്നു. കെ. കരുണാകരനെപ്പോലെ മുന്നണിരാഷ്‌ട്രീയത്തിന്റെ രസതന്ത്രം നന്നായി അറിഞ്ഞ നേതാവ്‌. അണികള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും പങ്കനണ്ണന്‍.  പാര്‍ട്ടിയോടൊപ്പം പക്ഷം മാറേണ്ടിവന്നെങ്കിലും ഇടതിനോടായിരുന്നു പങ്കജാക്ഷന്റെ രസച്ചേര്‍ച്ച. കാരണം മറ്റൊന്നല്ല പിന്നിട്ട വഴികളോടുള്ള കൂറുതന്നെ.  

ആര്‍. എസ്‌. പിയുടെ ആരംഭം മുതല്‍ ഇതുവരെയുള്ള സമരചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്ന  പങ്കജാക്ഷന്‍, പേട്ട വെടിവയ്‌പ്‌, സി. പിയെ വെട്ടല്‍ തുടങ്ങിയ ഐതിഹാസിക സമരങ്ങളുടെ അണിയറയില്‍നിന്നാണ്‌ രാഷ്‌ട്രീയം പഠിച്ചത്‌. ജ്യേഷ്‌ഠന്‍ സദാനന്ദശാസ്‌ത്രിയുടെ കോണ്‍ഗ്രസ്‌ രാഷ്‌ട്രീയം പിന്‍തുടര്‍ന്നാണ്‌ രാഷ്‌ട്രീയത്തിലെത്തിയത്‌.  ദിവാന്‍ സര്‍ സി. പി ‘സ്വതന്ത്ര തിരുവിതാംകൂര്‍‘ എന്ന  ആശയംപ്രചരിപ്പിക്കാന്‍ സംഘടിപ്പിച്ച യോഗങ്ങളെ കലക്കുകയെന്ന ദൌത്യമായിരുന്നു തുടക്കക്കാരനായ പങ്കജാഷന്‌ . പേട്ടയിലെ കോണ്‍ഗ്രസ്‌ യോഗത്തില്‍ വെടിവയ്‌പ്‌   സംഘടിപ്പിച്ചതിന്റെ മുന്നണിയില്‍ പങ്കജാക്ഷന്‍ ഉണ്ടായിരുന്നു.  ശ്രീകണ്‌ഠന്‍ നായരും കൂട്ടരും റിവല്യൂഷണറി സോഷ്യലിസ്‌റ്റ്‌ പാര്‍ട്ടി എന്ന ആര്‍. എസ്‌. പിയുടെ ഭാഗമായപ്പോള്‍ കെ. പങ്കജാക്ഷനും അവരോടൊപ്പം ചേര്‍ന്നു. പിന്നീട്‌ സംസ്‌ഥാനരാഷ്‌ട്രീയത്തിലെ മുന്നണി സമവാക്യങ്ങളുടെ ചേരുവകള്‍ക്കനുസരിച്ച്‌ നില്‍ക്കേണ്ടിവന്നു. അങ്ങനെ  അടിന്തരാവസ്‌ഥകാലത്ത്‌ കോണ്‍ഗ്രസ്‌ മന്ത്രിസഭയില്‍ അംഗമായി.  നാലുപ്രാവശ്യം മന്ത്രിയായി. ഏറെയും ഇടതുമന്ത്രിസഭകളില്‍.  പില്‍ക്കാലത്ത്‌ പാര്‍ട്ടി പലതവണ പിളര്‍ന്നപ്പോള്‍ ഇടതിനൊപ്പം നില്‍ക്കുന്നതിനുള്ള  പ്രത്യശാസ്‌ത്ര വീക്ഷണം ഉറപ്പിച്ചത്‌ പങ്കജാക്ഷന്റെ നിലപാടുകളായിരുന്നു.


No comments:

Post a Comment